സി.പി.ഐ.എം കഴക്കൂട്ടം ഏരിയ കമ്മിറ്റിയില്‍ പൊട്ടിത്തെറി;മേടയില്‍ വിക്രമന്‍ രാജിവച്ചു.

തിരുവനന്തപുരം: കഴക്കൂട്ടത്തെ സിപിഐഎമ്മിനുള്ളില്‍ പൊട്ടിത്തെറി. തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ മേടയില്‍ വിക്രമന്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രനുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന.

സിപിഐ വിട്ടെത്തിയവരെ ഏരിയ കമ്മിറ്റിയിലേക്ക് എടുത്തതിനോടുള്ള വിയോജിപ്പ് കാരണമാണ് വിക്രമന്റെ രാജിക്ക് കാരണം. ഈ തീരുമാനത്തിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രനാണ് എന്ന അഭിപ്രായം വിക്രമനുണ്ടെന്നാണ് വിവരം. ഏരിയ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. അതിനാല്‍ താന്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചുകൊള്ളാം എന്ന് പാര്‍ട്ടിയെ അറിയിച്ചതിന് ശേഷമാണ് താന്‍ ഏരിയ കമ്മിറ്റി അംഗത്വം രാജിവെച്ചതെന്നാണ് വിക്രമന്റെ പ്രതികരണം. പാര്‍ട്ടി വിടാനില്ലെന്നും വിക്രമന്‍ നിലപാട് വ്യക്തമാക്കിട്ടുണ്ട്.

നേരത്തെ ആര്യാ രാജേന്ദ്രന്‍ മേയറായിരുന്ന സമയത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വിക്രമനെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം മാറുകയായിരുന്നു. ഇത്തവണയും വിക്രമന്റെ പേര് വന്നപ്പോള്‍ എതിര്‍പ്പുമായി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം വിക്രമനെ തന്നെ സ്ഥിരംസമിതി അദ്ധ്യക്ഷനാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *