തിരുവനന്തപുരം:സ്പാർക് പോർട്ടലിലെ ഡാറ്റ ദുരുപയോഗം സംബന്ധിച്ച ഹൈക്കോടതിയുടെ കടുത്ത വിമർശനം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതരമായ കുറ്റപത്രമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് പ്രഥമദൃഷ്ട്യാ സ്വകാര്യത ലംഘനമാണെന്ന കോടതിയുടെ നിരീക്ഷണം സർക്കാരിന്റെ ഭരണനൈതികതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.സ്വകാര്യ ആവശ്യങ്ങൾക്ക് മാത്രം നൽകിയ ഡാറ്റ എങ്ങനെ രാഷ്ട്രീയ സന്ദേശങ്ങൾ അയയ്ക്കാൻ ഉപയോഗിച്ചുവെന്ന ചോദ്യത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ‘ഗുണഭോക്താക്കൾക്കാണ് സന്ദേശങ്ങൾ അയച്ചത്’ എന്ന സർക്കാർ വാദം കോടതി തള്ളിയത് തന്നെ ആരോപണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും വേണുഗോപാൽ പറഞ്ഞു. ഗുണഫലമൊന്നും ലഭിക്കാത്തവർക്കും സന്ദേശങ്ങൾ ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടിയതോടെ ഡാറ്റ സുരക്ഷ പൂർണമായി പരാജയപ്പെട്ടുവെന്നതും തെളിയുന്നു.സ്പ്രിങ്ക്ലർ സംഭവത്തിന് ശേഷം വീണ്ടും ഒരു ഡാറ്റ മോഷണ ആരോപണം ഉയരുന്നത് ആശങ്കാജനകമാണെന്നും, ബഹുമാനത്തോടെ ‘ഓണറബിൾ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ച ആളെ ഇനി ‘തീഫ് മിനിസ്റ്റർ’ എന്ന് വിളിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു. സ്വന്തം ജീവനക്കാരുടെ ഡാറ്റ പോലും സുരക്ഷിതമല്ലാത്ത സർക്കാരാണ് സംസ്ഥാനത്തെ സംരക്ഷിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.വ്യക്തിഗത ഡാറ്റ ശേഖരിച്ച ഉദ്ദേശ്യത്തിനുള്ളിൽ മാത്രം ഉപയോഗിക്കണമെന്ന നിയമതത്വം ലംഘിച്ച സർക്കാർ, നിയമത്തിന്റെ കാവൽക്കാരനാകേണ്ടിടത്ത് നിയമലംഘനത്തിന്റെ പ്രതീകമായി മാറുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. കോടതി നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതി വിധി സർക്കാരിന് മുഖത്തടിയ്ക്കു തുല്യം; സ്പാർക് ഡാറ്റ ദുരുപയോഗം ഭരണഘടനാവിരുദ്ധം — മുഖ്യമന്ത്രി ‘തീഫ് മിനിസ്റ്റർ’ എന്ന വിളിയിലേക്ക്: കെ.സി. വേണുഗോപാൽ
