അയോഗ്യത നീങ്ങിയതിനു ശേഷം രാഹുൽഗാന്ധി ആദ്യമായി വയനാട് സന്ദർശനം നടത്തുന്നു. ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഈ മാസം 12, 13 തീയതികളിലാണ് തന്റെ മണ്ഡലത്തിലെത്തുന്നത്. ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ വയനാട് സന്ദർശനം ആണിത്.
ട്വിറ്ററിലൂടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
വയനാട്ടിലെ ജനങ്ങൾ ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. അവരുടെ ശബ്ദം പാർലമെന്റിലേക്ക് തിരിച്ചെത്തി. വയനാട്ടിലെ ജനതയ്ക്ക് രാഹുൽ ഗാന്ധി വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണെന്നും കെ.സി വേണുഗോപാൽ കുറിച്ചു. എംപി സ്ഥാനം തിരിച്ചുകിട്ടിയതിന് ശേഷമുള്ള രാഹുലിൻ്റെ ആദ്യ വരവ് വൻ ആഘോഷമാക്കി തീർക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.