ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും സമനിലയിൽ പിരിഞ്ഞു.
97-ാം മിനുട്ടിലെ ഗോളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് അവസാനം രക്ഷയായത്. ഹാഫ്ടൈമിന് തൊട്ടുമുമ്പ് 10 പേരായി ചുരുങ്ങിയെങ്കിലും, ഗണ്ണേഴ്സ് സിറ്റിക്കൊപ്പം പൊരുതി നിൽക്കുകയായിരുന്നു.
9-ാം മിനിറ്റിൽ സിറ്റിയായിരുന്നു ആദ്യം സ്കോർ ചെയ്തത്. എർലിംഗ് ഹാലൻഡിന്റെ സീസണിലെ തന്റെ പത്താം ഗോളാണ് സിറ്റിക്ക് ലീഡ് നൽകിയത്. സാവിയോയുടെ അസിസ്റ്റിൽ നിന്ന്, ആഴ്സണൽ പ്രതിരോധത്തെ മറികടന്ന് ഹാലൻഡ് പന്ത് ഗോൾകീപ്പർ ഡേവിഡ് റയയെ കീഴ്പ്പെടുത്തി വലയിൽ എത്തിക്കുകയായിരുന്നു.
22-ാം മിനിറ്റിൽ റിക്കാർഡോ കാലാഫിയോറി ഒരു സമനില ഗോൾ നേടിയതോടെ ആഴ്സണൽ ഒപ്പം എത്തി. ഗബ്രിയേൽ മാർട്ടിനെല്ലി ഒരു നല്ല പാസ്സിലൂടെ കാലഫിയോറിയെ കണ്ടത്തി. താരത്തിന്റെ സ്ട്രൈക്ക് ടോപ്പ് കോർണർ കണ്ടെത്തി.
ഇടവേളയ്ക്ക് തൊട്ടുമുമ്പ്, ഗബ്രിയേൽ ബുക്കായോ സാക്കയുടെ കോർണർ ഹെഡ് ചെയ്ത് 2-1 എന്ന നിലയിൽ ആഴ്സണലിനെ മുന്നിലെത്തിച്ചു. സ്റ്റോപ്പേജ് ടൈമിൽ ലിയാൻഡ്രോ ട്രോസാർഡിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ ആഴ്സണൽ രണ്ടാം പകുതി മുഴുവൻ 10 പേരുമായി കളിക്കേണ്ടതായി വന്നു.
സിറ്റിയുടെ സമ്മർദ്ദത്തിലും ആഴ്സണലിന്റെ പ്രതിരോധം ഉറച്ചുനിന്നു, പക്ഷെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സ്റ്റോൺസിന്റെ സ്ട്രൈക്ക് സിറ്റിക്ക് ആശ്വാസമായി. സ്കോർ 2-2. സിറ്റി 13 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ആഴ്സണൽ 11 പോയിന്റുമായി നാലാമതും നിൽക്കുന്നു