വേട്ടക്കൊരുങ്ങി കൊച്ചിയുടെ നീലക്കടുവകള്‍; ബേസില്‍ തമ്പി ടീം ക്യാപ്റ്റന്‍, സെബാസ്റ്റ്യന്‍ ആന്റണി മുഖ്യപരിശീലകന്‍

Uncategorized

കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (kochi blue tigers) ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി, ടീം ഉടമയും സിംഗിള്‍ ഐഡി( single.ID) സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ ബേസില്‍ തമ്പി തന്നെയാണ് ടീമിന്റെ ഐക്കണ്‍ സ്റ്റാറും. കേരളത്തിന് വേണ്ടി രഞ്ജി കളിച്ചിട്ടുള്ള ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാനായ സെബാസ്റ്റ്യന്‍ ആന്റണി 12 വര്‍ഷക്കാലം വിവിധ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചടങ്ങില്‍ ടീമിന്റെ ലോഗോയും ഔദ്യോഗികമായി പുറത്തിറക്കി. അക്രമശാലിലായ കടുവയെയും അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉള്‍പ്പെടുത്തിയാണ് ടീമിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിംഗിള്‍ ഐഡിയുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിയുമായുള്ള സൗഹൃദമാണ് ക്രിക്കറ്റിനോടുള്ള അഭിനിവേഷം വര്‍ദ്ധിക്കാന്‍ പ്രധാനകാരണമായതെന്നും സുഹൃത്തുകൂടിയായ ബേസില്‍ തമ്പിയാണ് കേരള ക്രിക്കറ്റ് ലീഗ് തനിക്ക് പരിചയപ്പെടുത്തി നല്‍കിയതെന്നും ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. എം.എസ് ധോണിയില്‍ നിന്നുള്ള പ്രചോദനവും ബേസിലിന്റെ പ്രോത്സാഹനവുമാണ് കൊച്ചി ടീമിനെ സ്വന്തമാക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കായിക മേഖലയില്‍ മികച്ച പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുവാന്‍ ഈ ഉദ്യമത്തിന് കഴിയുമെന്നും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച മത്സരം കാണുവാനുള്ള അവസരമൊരുക്കുവാന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് സാധിക്കുമെന്നും സംവിധായകന്‍ ബ്ലസി പറഞ്ഞു. മികച്ച കളിക്കാരെയും പരിശീലകരെയുമാണ് സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള യു.കെയിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഈ വര്‍ഷം മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്റര്‍നാഷണല്‍ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. കേരളത്തിലെ മികവുറ്റ കളിക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. രഞ്ജിതാരവും വിക്കറ്റ് കീപ്പറുമായ സിഎം ദീപക് ആണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്.ബൗളിങ് കോച്ച്- എസ് അനീഷ്, ഫിസിയോതെറാപ്പിസ്റ്റ്- സമീഷ് എ.ആര്‍,ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ്- ഗബ്രിയേല്‍ ബെന്‍ കുര്യന്‍, പെര്‍ഫോമന്‍സ് അനലിസ്റ്റ്- സജി സോമസുന്ദരം,ട്രെയിനര്‍- ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ് ടീം കോര്‍ഡിനേറ്റര്‍- വിശ്വജിത്ത് രാധാകൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *