തിരുവനന്തപുരം:തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. ചെമ്പകമംഗലത്തു വെച്ചാണ് തീപിടുത്തം ഉണ്ടായത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ എട്ട് മണിയോടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.
ചെമ്പകമംഗലത്തിന് സമീപം ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. മംഗലപുരം പൊലീസ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.