രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ സിനിമ ഒക്ടോബർ 31 -നാണ് തീയേറ്ററുകളില്‍ എത്തിയത് .
ചിത്രത്തില്‍ ശിവകാർത്തികേയനാണ് മേജർ മുകുന്ദ് വരദരാജനായി എത്തിയത്. സിനിമയില്‍ മേജർ മുകുന്ദിന്റെ ജാതിയെ കുറിച്ച് പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി വിമർശനവുമായി നടി കസ്തൂരിയടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു.
ഇത്തരത്തില്‍ ഉയർന്നു വരുന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമി. മുകുന്ദിന്റെ ഭാര്യ ഇന്ദുവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചിത്രം ആരംഭിക്കുന്നതിന് മുമ്ബ് ചില കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നെന്നും അതില്‍ പ്രധാനപ്പെട്ട ഒന്ന് മേജർ മുകുന്ദ് ഒരു തമിഴനായത് കൊണ്ടുതന്നെ ശക്തമായ തമിഴ് വേരുകള്‍ ഉള്ള ഒരാളെ തന്നെ മുകുന്ദ് ആയി കാസ്റ്റ് ചെയ്യണമെന്നാവശ്യമായിരുന്നു മേജർ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക മുന്നോട്ട് വെച്ചതെന്ന് രാജ്കുമാർ പറഞ്ഞു.
ശിവകാർത്തികേയനെ കാസ്റ്റ് ചെയ്തതിലൂടെ ഈ ആവശ്യം താൻ നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു. മറ്റെന്തിനേക്കാളേറെ ഇന്ത്യക്കാരനാണെന്ന് ലോകത്തോട് പറയാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു മുകുന്ദ് എന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞതെന്നും തന്റെ സർട്ടിഫിക്കറ്റിലും ഇന്ത്യക്കാരൻ, തമിഴ് എന്നീ ഐഡന്റിറ്റി മാത്രമേ അദ്ദേഹം വച്ചിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.