തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും 51.4 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായെന്നും കെഎസ്ഇബി അറിയിച്ചു. കണ്ണൂർ, ശ്രീകണ്ഠപുരം, കാസറഗോഡ്, പാലക്കാട്, ഷൊർണൂർ, കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയും പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളിലെ അടൂർ ഡിവിഷനെയുമാണു കാറ്റു മൂലമുണ്ടായ നാശനഷ്ടം തീവ്രമായി ബാധിച്ചത്.
1694 ഹൈ ടെൻഷൻ പോസ്റ്റുകളും 10,836 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 1,117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണ മേഖലയിൽ ഏകദേശം 51.4 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കെഎസ്ഇബി അറിയിച്ചു.