ലോക ഒന്നാം നമ്പർ ടെന്നിസ് താരമായ യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തിന് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും മൂന്ന് മാസക്കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ലോക ഉത്തേജകവിരുദ്ധ ഏജൻസിയാണ് (വാഡ) വിലക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് നടപടി. ഫെബ്രുവരി 9 മുതൽ മെയ് 4 വരെയാണ് വിലക്ക്. നിരോധിത പദാർത്ഥമായ ക്ലോസ്‌റ്റെബോൾ അടങ്ങിയ മരുന്ന് ഉപയോഗിച്ചതാണ് സിന്നറിന് വിനയായത്. തന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് മരുന്ന് ഉപയോഗിച്ചതെന്നും മനപൂർവമല്ലെന്നും കോടതിയിൽ സിന്നർ വ്യക്തമാക്കി.
സിന്നറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് വാഡ പറഞ്ഞു. സിന്നറിന്റെ അറിവോടെയല്ല ഇത് സംഭവിച്ചതെന്ന വാദവും അംഗീകരിച്ചിട്ടുണ്ട്. ഇതിനാലാണ് കടുത്ത നടപടികൾ സ്വീകകരിക്കാഞ്ഞത്. താരത്തിന്റെ വാദം അംഗീകരിച്ചുവെങ്കിലും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാൻ സാധിക്കില്ല എന്ന് വാഡ നിലപാടെടുത്തതോടെയാണ് മൂന്ന് മാസക്കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്.
വിലക്ക് മെയ് 4 വരെയായതിനാൽ മെയ് 19-ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ താരത്തിന് നഷ്ടമാകില്ല. നിലവിൽ ഓസ്ട്രേലിയൻ ഓപ്പണിലെ പുരുഷ സിംഗിൾസ് കിരീട ജേതാവാണ് യാനിക്. ഒന്നാംറാങ്കുകാരനായ ഇരുപത്തിമൂന്നുകാരൻ കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ ഓപ്പണിനൊപ്പം യുഎസ് ഓപ്പണും നേടിയിരുന്നു. മൂന്നു ഗ്രാൻസ്‍ലാം കിരീടങ്ങൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരം കൂടിയാണ് സിന്നർ.