ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങൾ തന്നെയാണ് വാട്സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയത്. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്സാപ് അവതരിപ്പിക്കാറുള്ളത്. ഇനി നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
യൂസർഇന്റർഫേസ് ‘മെറ്റീരിയൽ ഡിസൈൻ ത്രീ’ മാർഗനിർദേശമനുസരിച്ച് റീഡിസൈൻ ചെയ്യുന്നതാണ് പുതിയൊരു ഫീച്ചർ. റീഡിസൈൻഡ് സ്വിച്ചുകളും ഫ്‌ളോട്ടിങ് ആക്ഷൻ ബട്ടണുകളുമടക്കം നിരവധി മാറ്റങ്ങളാണ് ഇതിൽ വാട്‌സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. ഈ ഫീച്ചറുകളിൽ ചിലത് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പ് മെയിൻ ടാബുകൾ താഴേക്ക് ക്രമീകരിച്ച് ലേ ഔട്ടിൽ മാറ്റം വരുത്തിയിരുന്നു.
മറ്റൊരു അപ്‌ഡേറ്റാണ് ‘സൈലൻസ് അൺനോൺ കോൾസ്’ എന്നുള്ളത്. അജ്ഞാത കോളുകളും സ്പാം കോളുകളും സൈലന്റായി കിടക്കും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ ഉപയോഗിച്ച് കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർ വിളിച്ചാൽ ഫോൺ സൈലന്റിലാവും. അതേസമയം നോട്ടിഫിക്കേഷൻ ഏരിയയിൽ കോൾ പ്രത്യക്ഷപ്പെടുന്നതിനാൽ കോൾ മിസ്സായി പോകുന്ന സാഹചര്യം ഉണ്ടാവില്ല.
വാട്‌സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഡിവൈസിൽ ഉപയോഗിക്കാവുന്ന സ്‌ക്രീൻ ഷെയർ ഫീച്ചറാണ് മറ്റൊരു അപ്‌ഡേറ്റ്. ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ക്യു ആർ കോഡിന്റെ സഹായത്തോടെ ഈ ഫീച്ചർ ഉപയോഗിക്കാനാവും.