തൃശ്ശൂർ: സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത വയനാട് ദുരന്തബാധിത പ്രദേശത്തെ ഗുണഭോക്താക്കളുടെ വായ്പ എഴുതിത്തള്ളും. കോർപ്പറേഷൻ ചെയർമാൻ യുആർ പ്രദീപ്, മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. മേപ്പാടി പഞ്ചായത്തിലെ അട്ടമല (വാർഡ് 10), മുണ്ടക്കൈ (വാർഡ് 11), ചൂരൽമല (വാർഡ് 12) വാർഡുകളിൽ ഉൾപ്പെട്ടവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
അതേസമയം, വയനാട് ദുരന്തത്തില്‍ പ്രാഥമിക കണക്ക് പ്രകാരം 1200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദുരന്തത്തില്‍ 231 മരണമാണ് സ്ഥിരീകരിച്ചതെന്നും 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും സർക്കാർ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.