സംസാരശേഷി നഷ്ടമായവർ നമുക്കിടയിൽ ഉണ്ട്. പലപ്പോഴും അവരുടെ ആവശ്യങ്ങളെയും പ്രതികരണങ്ങളെയും മറ്റുള്ളവർക്ക് വേണ്ടപോലെ മനസ്സിലാകണമെന്നില്ല. സംസാരശേഷി ഇല്ലാത്തവർക്ക് അവരുടെ മാധ്യമമായി ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് വിമുൻ. തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് ഈ യുവ ശാസ്ത്രജ്ഞൻ. കൈയുടെ ചലനങ്ങളെ ശബ്ദങ്ങളും ചിത്രങ്ങളും അക്ഷരങ്ങളുമായി മാറ്റുവാൻ വിമുന്റെ കൈയുറയ്ക്ക് സാധിക്കും. നിലവിൽ കൈയുറ അതിന്റെ അഞ്ചാംപതിപ്പാണ്. ഒട്ടേറെ പരിണാമങ്ങൾക്കുശേഷമാണ് ഇപ്പോഴുള്ള കൂടുതൽ മികവാർന്ന സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എഐ സാങ്കേതിക വിദ്യയെ കൂടുതൽ ഉപയോഗപ്പെടുത്തി അടുത്ത പതിപ്പ് ഇറക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് ഇപ്പോൾ വിമുൻ ഉള്ളത്. സ്വന്തമായി ഒരു കമ്പിനിക്ക് തന്നെ രൂപം നൽകിയിട്ടുണ്ട് ഈ മിടുക്കൻ. പ്രധാനമായും ഈ കൈയുറ ഉപയോഗപ്പെടുന്നത് സംസാരശേഷി നഷ്ടപ്പെട്ടവർക്കും വിവിധ തരത്തിലുള്ള രോഗികൾക്കും ആണെന്ന് വിമുൻ പറയുന്നു. വെള്ളത്തിന് അടിയിലുള്ള കമ്മ്യൂണിക്കേഷനുകൾക്ക് ഈ റോബോട്ട് ഉപയോഗിക്കാവുന്നതാണ്. ഫിസിയോതെറാപ്പി ആവശ്യങ്ങൾക്കും വിവിധ സേനകൾക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് വിമുൻ പറയുന്നു. 18 ഓളം ദേശീയതലത്തിലുള്ള അവാർഡുകൾ ഈ പ്രൊജക്ടിന് ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ടെക്നിക്കൽ എക്സ്പോകളിലും വിമുനും വിമുന്റെ കൈയുറയും താരങ്ങളാണ്. ഏറ്റവും അധികം ടെക്നിക്കൽ മത്സരങ്ങൾ വിജയിച്ചുവെന്ന റെക്കോർഡും വിമുൻ കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് ഇദ്ദേഹം.