ഡൽഹി: 26 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അമ്മയുടെ ജീവന് അടിയന്തര ഭീഷണിയില്ലെന്നും ഭ്രൂണത്തിന് അസ്വഭാവികതയില്ലെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.
പ്രസവ ശേഷം കുഞ്ഞിനെ ദത്ത് നൽകുന്ന കാര്യം മാതാപിതാക്കൾക്ക് തീരുമാനിക്കാം. ഡൽഹി എയിംസ് ആശുപത്രി അധികൃതർ ആവശ്യമായ സഹായം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. മാനസികവും ശാരീരികവുമായ ആരോഗ്യമില്ലെന്നും അതിനാല്‍ മൂന്നാമത്തെ കുട്ടി വേണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ അമ്മയുടെ ആവശ്യം. നേരത്തെ രണ്ടംഗ ബെഞ്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, പിന്നാലെ ലഭിച്ച എയിംസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് ഉത്തരവ് സുപ്രീം കോടതി തിരികെ വിളിക്കുകയായിരുന്നു. രണ്ടംഗ ബെഞ്ചിലെ ഭിന്നതയെ തുടര്‍ന്ന് ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. വിശദമായ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചത്.