കുമരകം: അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. മദ്യ ലഹരിയിൽ കാർ ഓടിച്ച പാലാ തിടനാട് സ്വദേശിയായ നിരപ്പേൽ വീട്ടിൽ സന്തോഷ് (42) നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ചേർത്തല ഭാഗത്ത് നിന്നും വന്ന കെ.എൽ 35. ജെ 9550 സ്വിഫ്റ്റ് കാറാണ് അപകടം ഉണ്ടാക്കിയത്.
ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി കുമരകം ഇലഞ്ഞിപ്പറബിൽ കൃഷ്ണപ്രിയ (17) ക്കാണ് പരിക്കേറ്റത്.
വഴിയാത്രക്കാരെ ഭീതിയിലാക്കിയ വാഹനം ചന്തക്കവലയിൽ മെറ്റൊരു സ്തീയെയും ഇടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. കോണത്താറ്റ് പാലം നിർമ്മാണം നടക്കുന്നതിനാൽ വഴി തെറ്റിയത്തോടെ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.
സ്കൂളിലെ സ്പെഷ്യൽ ക്ലാസ്സിൽ നിന്നും ട്യൂഷന് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. വീട്ടിലേയ്ക്ക് ബസ് കയറാനായി ഷാപ്പും പടിയിലേയ്ക്ക് കൂട്ടുകാർക്ക് ഒപ്പം നടക്കുമ്പോൾ അമിത വേഗതയിൽ മെറ്റൊരു വാഹനത്തെ മറികടന്ന് വന്നാണ് കാർ തന്നെ ഇടിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു. അപകടത്തിൽ വിദ്യാർത്ഥിനിക്ക് വലത് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി കുമരകം പോലീസ് അറിയിച്ചു.
.