വനിത ടി20യിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ. ടി20യിൽ വേഗത്തിൽ 2000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഷഫാലി സ്വന്തമാക്കിയത്.
23 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോൾ അയർലൻഡ് താരം ഗാബി ലൂയിസ് സ്വന്തമാക്കിയ റെക്കോർഡാണ് ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ 20 വയസും 255 ദിവസവും പ്രായമുള്ള ഷഫാലി വർമ മറികടന്നത്.
ശ്രീലങ്കക്കെതിരായ മത്സരത്തിൽ 2000ത്തിലെത്താൻ ഷഫാലിക്ക് 18 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. മികച്ച രീതിയിൽ കളിച്ച് 43 റൺസെടുത്താണ് താരം പുറത്തായത്. വനിത ടി20യിൽ 2000 ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് ഷഫാലി. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, മിഥാലി രാജ്, ജമീമ റോഡ്രിഗസ് എന്നിവരാണ് ഇതിന് മുമ്പ് ടി20യിൽ 2000 റൺസ് മറികടന്നത്.