ഭക്ഷ്യമന്ത്രിയുമായുള്ള ചർച്ച പരാജയം; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ച് പ്രതിഷേധിക്കും

Breaking Kerala

തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടെന്ന് റേഷൻ വ്യാപാരി സംയുക്ത സംഘടന അറിയിച്ചു. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല. ജൂലൈ 8,9 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ച് പ്രതിഷേധിക്കുമെന്നും റേഷൻ വ്യാപാരി സംയുക്ത സംഘടനയുടെ നേതാവ് ജോണി നെല്ലൂർ വ്യക്തമാക്കി. അന്നേ ദിവസങ്ങളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടന രാപകൽ സമരം നടത്തും.

നിരവധി സമരങ്ങൾ നടത്തിയിട്ടും സർക്കാർ കണ്ണ് തുറന്നില്ല. വിഷയം അനുഭാവപൂർവം പരിഹരിക്കാമെന്ന് സർക്കാർ രണ്ട് വർഷം മുന്നേ പറഞ്ഞിരുന്നു. ചർച്ചയ്ക്ക് വേണ്ടി മാത്രം ചർച്ച നടത്തി. വിദഗ്ധ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ഇതുവരെ സർക്കാർ പുറത്ത് വിട്ടിട്ടില്ലെന്നും ജോണി നെല്ലൂർ ആരോപിച്ചു.

ഈ സമരം കൊണ്ടും സർക്കാർ കണ്ണ് തുറന്നില്ലെങ്കിൽ അനിശ്ചിത കാല സമരം നടത്തുമെന്നും സംഘടന വ്യക്തമാക്കി. റേഷൻ കടകളിലേക്ക് കൃത്യമായ സാധനങ്ങൾ സർക്കാർ എത്തിക്കുന്നില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങാൻ ഒരു മാസമോ അതിലധികമോ കാത്തിരിക്കേണ്ട അവസ്ഥയാണ്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കമ്മീഷനിൽ 43 കോടി രൂപ ലഭിക്കാനുണ്ടെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *