പുനലൂർ-ചെങ്കോട്ട പാതയും വൈദ്യുത തീവണ്ടികൾക്ക് വഴിമാറി

Kerala

പുനലൂർ (കൊല്ലം): പുനലൂർ-ചെങ്കോട്ട പാതയും വൈദ്യുത തീവണ്ടികൾക്ക് വഴിമാറി.ഇതോടെ തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാത പൂർണമായും വൈദ്യുത വണ്ടികൾക്ക് വഴിയൊരുക്കിക്കഴിഞ്ഞു. ഞായറാഴ്ച പുലർച്ചെ തിരുനെൽവേലിയിൽനിന്ന്‌ പാലക്കാട്ടേക്കുപോയ ’പാലരുവി എക്സ്‌പ്രസ്’ പാതയിലെ ആദ്യ വൈദ്യുത യാത്രാവണ്ടിയായി. അതുവഴി 761 കിലോമീറ്റർ നീളുന്ന കൊല്ലം-ചെന്നൈ പാതയും പൂർണമായും വൈദ്യുത പാതയായി.

രണ്ടാഴ്ചമുൻപ് ചെങ്കോട്ടയിലെ 110 കെ.വി. ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ പ്രവർത്തനസജ്ജമായതോടെയാണ് 49 കിലോമീറ്റർ നീളുന്ന പുനലൂർ-ചെങ്കോട്ട സെക്‌ഷനിലും വൈദ്യുത വണ്ടി ഓടിക്കാൻ ദക്ഷിണ റെയിൽവേ നടപടിയെടുത്തത്. ചെങ്കോട്ടയിൽനിന്നുള്ള വൈദ്യുതി പുനലൂരിൽവരെ എത്തിച്ചാണ് സെക്‌ഷനിൽ വണ്ടിയോടിക്കുന്നത്. ഒരുവർഷംമുൻപ് വൈദ്യുതീകരിച്ച, 45 കിലോമീറ്റർ നീളുന്ന കൊല്ലം-പുനലൂർ സെക്‌ഷനിൽ പെരിനാട് സബ്‌സ്റ്റേഷനിൽനിന്നുള്ള വൈദ്യുതി ലഭ്യമാക്കിയാണ് വണ്ടികൾ ഓടുന്നത്.

പുനലൂർ-ചെങ്കോട്ട സെക്‌ഷനിൽ ഓടുന്ന നാല് സർവീസുകളിൽ ’വേളങ്കണ്ണി’യൊഴികെ ചെന്നൈ, പാലരുവി, മധുര-ഗുരുവായൂർ എക്സ്‌പ്രസുകൾ ഇനി വൈദ്യുത എൻജിനുകളുമായി ഓടും. കാരക്കുടിയിൽനിന്ന്‌ തിരുവാരൂർവരെ 149 കിലോമീറ്റർ നീളുന്ന പാത വൈദ്യുതീകരിച്ചിട്ടില്ലാത്തിനാൽ എറണാകുളത്തുനിന്ന്‌ വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്‌പ്രസ് ഡീസൽ എൻജിനിൽ തുടരും.

1904-ൽ കൽക്കരി തീവണ്ടി ഓടിത്തുടങ്ങിയ, 94 കിലോമീറ്റർ നീളുന്ന കൊല്ലം-ചെങ്കോട്ട പാതയാണ് തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാത. മീറ്റർഗേജായിരുന്ന പാതയിൽ കൊല്ലംമുതൽ പുനലൂർവരെ 2010-ലും പുനലൂർമുതൽ ചെങ്കോട്ടവരെ 2018-ലും ബ്രോഡ്‌ഗേജാക്കി. 2022-ൽ കൊല്ലംമുതൽ പുനലൂർവരെ വൈദ്യുതീകരിച്ച് വൈദ്യുത വണ്ടികൾ ഓടിച്ചു. പൂർണമായും പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന പുനലൂർ-ചെങ്കോട്ട സെക്‌ഷൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈദ്യുതീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *