ഒളികാമറ വച്ച് നൂറുകണക്കിന് കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ

National

ന്യൂയോർക്ക്: അമേരിക്കയിൽ നൂറുകണക്കിന് കുട്ടികളുടെയും സ്ത്രീകളുടേയും ന​ഗ്നദൃശ്യങ്ങൾ ഒളികാമറ വച്ച് പകർത്തിയ ഇന്ത്യക്കാരനായ ഡോക്ടർ അറസ്റ്റിൽ. മിഷിഗണിലെ ഓക്‌ലാൻഡ് കൗണ്ടിയിലെ റോച്ചെസ്റ്റർ ഹിൽസിൽ താമസിക്കുന്ന 40കാരനായ ഐജെസ് ആണ് അറസ്റ്റിലായത്.

കുട്ടികളുടെയും മുതിർന്നവരുടെയും വീഡിയോകൾ പകർത്താനായി കുളിമുറികളിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും തൻ്റെ വീട്ടിലുമാണ് ഡോക്ടർ ഒളികാമറകൾ സ്ഥാപിച്ചത്. പകർത്തിയ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ ഇയാളുടെ ഭാര്യ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തറിയുന്നത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ സെർച്ച് വാറന്റ് പുറപ്പെടുവിച്ചു. തിരച്ചിലിനിടെ, ഡോക്ടറുടെ പക്കൽ നിന്ന് ആയിരക്കണക്കിന് നഗ്നവീഡിയോകൾ അടങ്ങിയ കമ്പ്യൂട്ടറുകളും ഫോണുകളും മറ്റ് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി.

അബോധാവസ്ഥയിലോ ഉറങ്ങുന്നവരോ ആയ സ്ത്രീകളോടുള്ള ലൈംഗികാതിക്രമങ്ങളും ഇയാൾ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് പറഞ്ഞു. വീഡിയോകൾ എല്ലാം പരിശോധിച്ചശേഷം മാത്രമേ കുറ്റകൃത്യത്തിൻ്റെ ശരിയായ വ്യാപ്തി കണ്ടെത്താനാകൂ എന്നും ഇതിന് മാസങ്ങൾ എടുത്തേക്കാമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *