തൃശൂര്‍: തൃശൂര്‍ – കാഞ്ഞാണി റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുന്നു. ഒളരിയില്‍ അമ്മയും മകനും സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് മുന്‍ അംഗവും തിരൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം ബോര്‍ഡ് ഡയറക്ടറുമായ സിന്ധുവിനാണ് നട്ടെല്ലിനും തലയ്ക്കും കൈകാലുകള്‍ക്കും പരുക്കേറ്റത്. മകന്‍ ആനന്ദിന്‍റെ പരുക്ക് സാരമുള്ളതല്ല. ഇരുവരെയും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒളരിക്കര പള്ളിക്ക് സമീപത്തുള്ള റോഡിലെ കുഴിയിലാണ് സിന്ധുവും ആനന്ദും വീണത്. ആനന്ദ് വിദേശത്തേക്ക് പോകുന്നതിനോട് അനുബന്ധിച്ച് ചേറ്റുപുഴയിലുള്ള ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളം നിറഞ്ഞ് കിടക്കുന്ന റോഡിലെ കുഴിയില്‍ ആനന്ദ് ഓടിച്ചിരുന്ന ബൈക്ക് വീഴുകയായിരുന്നു.