ചെന്നൈ: കടകളുടെ പേരുകൾ തമിഴിലെഴുതാൻ വ്യാപാരികൾക്ക് നിർദേശവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും നെയിം ബോർഡുകളിൽ തമിഴ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു
”തമിഴ്നാട്ടിലെ തെരുവുകളിൽ തമിഴ് കാണാനില്ലെന്ന് ആരും പറയരുത്. വാണിജ്യ സ്ഥാപനങ്ങളുടെയും കടകളുടെയും പേരുകൾ തമിഴിൽ എഴുതാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, ”മുഖ്യമന്ത്രി പറഞ്ഞു. വ്യാപാരി ക്ഷേമ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കടകളുടെ പേരുകൾ പ്രാദേശിക ഭാഷയിൽ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ പല സ്ഥാപനങ്ങളും ഇത് പിന്തുടരുന്നില്ല. ഇംഗ്ലീഷിൽ മാത്രാണ് അവർ കടയുടെ പേരുകൾ ബോർഡുകളിൽ എഴുതുന്നത്. ഈ പ്രവണത തമിഴ്‌നാട്ടിൽ മാത്രമല്ല, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളും കണ്ടുവരുന്നുണ്ട്.’..സ്റ്റാലിൻ പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു.