കാർഷിക കലണ്ടർ നേരത്തെ വിതച്ചാൽ: പറയുന്നത് പ്രവർത്തികമാക്കാം 

Breaking Kerala Local News National Uncategorized

കുമരകം : കുട്ടനാട്ടിലെ നെൽ കൃഷി സംരക്ഷണത്തിന് വേണ്ടിയാണ് തണ്ണീർമുക്കം ബണ്ട് നിർമ്മിക്കപ്പെട്ടത്. കൃഷിയ്ക്ക് വേണ്ടി ബണ്ടിന്റെ ഷട്ടറുകൾ പരിധികളില്ലാതെ അടച്ചിടുന്നത് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ദോഷകരമാണ്. ഇത് ഒഴിവാക്കാൻ ഗവേഷകർ നിശ്ചയിച്ച് നൽകിയ കാർഷിക കലണ്ടർ വ്യവസ്ഥകൾ , പാലിക്കപ്പെടുന്നില്ല അഥവാ പ്രതികൂല കാലാവസ്ഥയിൽ പാലിക്കാൻ സാധിക്കുന്നില്ല ,

ഇതിന് കർഷകരെ പ്രാപ്തരാക്കണം. ഡിസംബർ 15 ന് അടച്ച് മാർച്ച് 31 ന് തുറക്കുന്നതാണ് കാർഷിക കലണ്ടർ നിഷ്കർഷിക്കുന്ന നിർദ്ദേശം. എന്നാൽ പലപ്പോഴും രണ്ടിലധികം മാസങ്ങൾ വൈകി ബണ്ട് തുറക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വിത്ത് വിത വൈകുന്നതാണ് പ്രധാനകാരണം.

വിരിപ്പു കൃഷിയുടെ വിളവെടുപ്പ് നടത്താത്ത നിരവധി പാടശേഖരങ്ങൾ ഇനിയും അവശേഷിക്കുന്നു. താമസിച്ച് കൃഷി ഇറക്കുന്നവർ 90 ദിവസം പൂർണ്ണ വളർച്ചാ കാലാവധിയുള്ള മണിത്നം വിത്തുകൾ ഉപയോഗിക്കണമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നു.

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം – വേനൽമഴയിൽ പാടശേഖരങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടിരുന്നു. പുറംബണ്ടുകൾക്ക് വേണ്ടത്ര ബലമില്ലാത്തിനാൽ മടവീഴ്ചയും ഉണ്ടായി. ഏക്കറിന് 40 -45 കിലോഗ്രാം വിത്താണ് ആവശ്യമായി വരിക. നഷ്ടങ്ങൾ ഉണ്ടായവരിൽ ഭൂരിഭാഗവും കൃഷി ഉപേക്ഷിച്ചു , രണ്ടാം തവണയും വിത്ത് വിതയ്ക്കാൻ നിലം ഒരുക്കുകയാണ് മാഞ്ഞൂർ സൗത്ത് വളച്ചകരി – കണ്ടംകുഴി പാടശേഖരത്തിലെ കർഷകർ. ഉറപ്പുള്ള പുറംബണ്ടും മുടക്കം ഇല്ലാതെ വൈദ്യുതിയും ലഭിച്ചാൽ സമയത്ത് തന്നെ കൃഷി പൂർത്തീകരിക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു.

 

അടച്ചില്ലെന്ന് കരുതി ആശങ്ക വേണ്ട – ഡോ.കെ.ജി പദ്മകുമാർ (ഡയറക്ടർ കായൽ ഗവേഷണകേന്ദ്രം)

കായൽ ജലത്തിൽ ഉപ്പിന്റെ അളവിനെ കണക്കാക്കി മാത്രം ബണ്ടിന്റെ ഷട്ടറുകൾ അടച്ചാൽ മതി. ഡിസംബറിൽ അടയ്ക്കണമെന്ന് നിർബന്ധമില്ല. ഒരുമീറ്റർ ജലത്തിൽ ഉപ്പിന്റെ അളവ് രണ്ട് ഡെസിസീമൺ എന്നത് കാർഷിക മേഖലയ്ക്ക് ദോഷകരമാണ്. ഉപ്പിന്റെ അളവ് 1.5 ഡെസിസീമൺ എത്തുമ്പോൾ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കും. നിലവിൽ ഉപ്പിന്റെ അളവ് പൂജ്യം ഡെസിസീമൺ ആയതിനാലാണ് ഷട്ടറുകൾ അടയ്ക്കാത്തത്. തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ അടച്ചില്ലെന്ന് കരുതി ആശങ്ക വേണ്ട.

കാർഷിക കലണ്ടർ പാലിക്കാൻ : ഉപ്പിന്റെ അംശം ആദ്യമാദ്യം കടന്നു വരുന്ന പ്രദേശങ്ങൾ കൃത്യമായി മനസ്സിലാക്കി വിത്ത് വിതയ്ക്കൽ പൂർത്തീകരിക്കുകയും പ്രതികൂല കാലാവസ്ഥ ഉണ്ടായാൽ ദിവസങ്ങൾ കുറവുള്ള വിത്ത് വിതയ്ക്കുകയും ചെയ്യണം.

ഇവിടെ നേരത്തെ വിതയ്ക്കണം : ഉപ്പിന്റെ അംശം ആദ്യം എത്തുന്ന പ്രദേശങ്ങളായ വടക്കൻ കുട്ടനാട് ( തിരുവാർപ്പ് , അയ്മനം , കല്ലറ , കുമരകം , വെച്ചൂർ, നീലംപേരൂർ , ഈര , വാലടി , അതിരമ്പുഴ ,ആർപ്പൂക്കര , വെച്ചൂർ , ) , ലോവർ കുട്ടനാട് ( എടത്വാ , തലവടി , കിടങ്ങറ , മുട്ടാർ തുടങ്ങിയവ ഒഴിച്ചുള്ള അമ്പലപ്പുഴ – കാർത്തികപ്പള്ളി താലൂക്കുകൾ , കൈനകരി , ചമ്പക്കുളം ) , 25 ഓളം വരുന്ന കായൽ നിലങ്ങൾ എന്നിവിടങ്ങളിൽ മാർച്ച് ആദ്യ വാരം വിളവെടുപ്പ് നടത്താൻ കഴിയും വിധം വിത്ത് വിതയ്ക്കൽ നടത്തണം.

Leave a Reply

Your email address will not be published. Required fields are marked *