തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിലെ അധ്യാപക നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി കൺവീനർ ആയി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ച നടപടിയിൽ പ്രതിഷേധവുമായി കെഎസ്‍യു. കേരള യൂണിവേഴ്സിറ്റിയെ ‘പാർട്ടി’ സർവകലാശാലയാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്ന് കെഎസ്‍യു ആരോപിച്ചു.
നടപടിയെ നിയമപരമായി നേരിടുമെന്ന് കെഎസ്‍യു അറിയിച്ചു. നാലു വർഷത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള കരാർ അധ്യാപക നിയമനത്തിനായുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരണമാണ് വിവാദമായത്. സെലക്ഷൻ കമ്മിറ്റി രൂപീകരണം ചട്ടവിരുദ്ധമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി കെഎസ്‌യു രംഗത്തെത്തിയത്.
യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം ഇത്തരം കമ്മിറ്റികളുടെ തലവനായി വരേണ്ടത് സർവകലാശാലാ വിസിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും പ്രൊഫസറോ ആവണം. എന്നാൽ അതിൽനിന്ന് വിഭിന്നമായി സെലക്ഷൻ കമ്മിറ്റി കൺവീനറായി നിയമിച്ചിരിക്കുന്നത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സർവകലാശാല സിൻഡിക്കേറ്റംഗവുമായ ഷിജുഖാനെയാണ്.