കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂർ ജയിലിൽ തുടരും. ജാമ്യം നിഷേധിച്ചതിനെതിരെ ബോബി ചെമ്മണൂർ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ബോബിക്ക് പ്രത്യേക പരിഗണന നൽകാനാകില്ല എന്നും കോടതി അറിയിച്ചു.
പ്രോസിക്യൂഷന്റെ വിശദീകരണം കൂടി പരിഗണിച്ചേ ഹർജിയിൽ തീരുമാനം എടുക്കുകയുള്ളുവെന്ന് കോടതി അറിയിച്ചു. ഇന്നലെ മജിസ്ട്രേറ്റ് കോടതി ബോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചത്.