തിരുവനന്തപുരം: സംസ്ഥാനത്ത് കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാൻ രണ്ടാം റാങ്കും, കോട്ടയം സ്വദേശി അലൻ ജോണി അനിൽ മൂന്നാം റാങ്കും നേടി. പെൺകുട്ടികളിൽ ഒന്നാം റാങ്ക് എറണാകുളം സ്വദേശി പൂർണിമ രാജീവിനാണ്.
എസ്.സി വിഭാഗത്തിൽ ആലപ്പുഴ സ്വദേശി ധ്രുവ് സുമേഷ് ഒന്നാം റാങ്ക് നേടിയപ്പോൾ കാസർഗോഡ് സ്വദേശി ഹൃദിൻ എസ് ബിജു രണ്ടാം റാങ്ക് നേടി. അതേസമയം ഒരു ട്രാൻസ്ജൻഡർ വിദ്യാർത്ഥിക്ക് മാത്രമാണ് യോഗ്യത നേടാനായത്. 52500 പേരാണ് ഇത്തവണ റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. അതിൽ 24666 പേരും പെൺകുട്ടികളാണ്. ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികൾ ഇടംപിടിച്ചു.
ആദ്യ 100 റാങ്കിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എറണാകുളം ജില്ലയിൽനിന്നാണ്. 24 പേർ. തിരുവനന്തപുരത്ത് നിന്ന് 15 പേരും കോട്ടയത്ത് നിന്ന് 11 പേരുംആദ്യ 100 റാങ്കിൽ ഇടംപിടിച്ചു.