തൃശൂര്‍: ബസിന് നേരെ ആക്രമണവുമായി രണ്ടംഗ അക്രമി സംഘം. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ അന്‍സാര്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടംഗ അക്രമി സംഘം ബസിനുനേരേ ആക്രമണം നടത്തി ഭീതി പരത്തിയത്. കോഴിക്കോടുനിന്നും തൃശൂര്‍ക്ക് പോകുകയായിരുന്ന ഭായി ലിമിറ്റഡ് ബസിനു നേരേയാണ് ആക്രമണം നടന്നത്.ബസിന് എതിരെ വന്നിരുന്ന യുവാക്കള്‍ ബസിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഹെല്‍മെറ്റ് എറിഞ്ഞ് മുന്‍വശത്തെ ചില്ല് തകര്‍ക്കുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ അക്രമികൾ സംഭവ സ്ഥലത്ത് നിന്ന് ബൈക്കില്‍ അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്ന സമയത്തായിരുന്നു അക്രമം. ബസിന് മുന്നിലിരുന്ന് യാത്ര ചെയ്തിരുന്ന കൂറ്റനാട് തെക്കത്തു വളപ്പില്‍ അബൂബക്കര്‍ മകള്‍ റസ്‌ല (18), മരത്തംകോട് കോലാടിയില്‍ പ്രതീഷ് ഭാര്യ അശ്വതി (38) എന്നിവർക്ക് ഹെൽമെറ്റ് ആക്രമണത്തിൽ പരിക്കേറ്റു.