തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വർക്കല സ്വദേശി നൗഷാദിന്റെ ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.