മുണ്ടക്കയം: കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായുള്ള 4 റോഡുകൾ പുനരുദ്ധാരണം നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഔപചാരിക സംയുക്ത ഉദ്ഘാടനം നിർവഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അനുവദിച്ച ഫണ്ടുകൾ ഉപയോഗിച്ചാണ് റോഡുകൾ പുനരുദ്ധാരണം നടത്തിയത്. വണ്ടൻപതാൽ 35-)o മൈൽ
റോഡ് റീടാറിംഗ്, കീച്ചൻപാറ റോഡ് റീടാറിംഗ് എന്നീ പ്രവർത്തികൾക്ക് 5 ലക്ഷം രൂപ വീതവും, പഴയ മുണ്ടക്കയം റോഡ് റീടാറിംഗ്, കരിനിലം മുസ്ലിം പള്ളിപ്പടി – അമരാവതി റോഡ് റീ ടാറിംഗ് എന്നീ പ്രവർത്തികൾക്ക് 3 ലക്ഷം രൂപ വീതവും വിനിയോഗിച്ചാണ് റോഡുകൾ ഗതാഗത യോഗ്യമാക്കിയത്. മുണ്ടക്കയം പുത്തൻചന്തയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷിന്റെ അധ്യക്ഷതയിൽ പൂഞ്ഞാർ എം. എൽ. എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്നി ചേറ്റുകുഴി , ഷീബ ഡിഫൈൻ ,ജാൻസി തൊട്ടിപ്പാട്ട് , ജിനീഷ് മുഹമ്മദ്, പൊതുപ്രവർത്തകരായ ചാർലി കോശി, ജോസ് നടൂപ്പറമ്പിൽ, അനിയാച്ചൻ മൈലപ്ര എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം എംഎൽഎയും മറ്റ് ജനപ്രതിനിധികളും പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കിയ റോഡുകൾ സന്ദർശിക്കുകയും ഫലകം അനാച്ഛാദന കർമ്മങ്ങൾ നിർവഹിക്കുകയും പ്രദേശവാസികളുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തു.