ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഹര്‍ജികള്‍ സെപ്റ്റംബര്‍ 12ലേക്കാണ് ഹർജികൾ പരിഗ ണിക്കാൻ മാറ്റിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഹര്‍ജിയുമായി എന്തിന് മുന്നോട്ട് പോകുന്നുവെന്ന് മനസിലാകുന്നില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജികള്‍ ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേന്ദ്രത്തിനും, സിബിഐയ്ക്കും വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന്റെ ജൂനിയര്‍ അഭിഭാഷക അടുത്ത ചൊവ്വാഴ്ചത്തേക്ക് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണം എന്നാവശ്യപ്പെടുകയായിരുന്നു. ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എസ്.വി രാജു ഹാജരാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം അഭിഭാഷക ഉന്നയിച്ചത്. അടുത്ത ചൊവ്വാഴ്ച്ച തനിക്ക് അസൗകര്യമാണെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. ഇതിനിടെ ഓഗസ്റ്റില്‍ താന്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗം ആയിരിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്തും അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി സെപ്റ്റംബര്‍ 12-ന് പരിഗണിക്കാനായി ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് മാറ്റിയത്.