ഉരുള്‍പൊട്ടല്‍ ദുരന്തം: ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം

Kerala National

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് മിച്ചമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു. അതിനിടെ 2,221 കോടി രൂപയുടെ പാക്കേജ് വേണമെന്ന് അവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ അമിത് ഷായ്ക്ക് നിവേദനം നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരില്‍ കണ്ടാണ് കേരള എംപിമാര്‍ ഒപ്പിട്ട നിവേദനം കൈമാറിയത്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം അതിതീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും 2221 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുയര്‍ത്തിയായിരുന്നു നിവേദനം.

ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എംപിമാരുടെ യോഗം വിളിച്ച് രാഷ്ട്രീയഭേദമന്യേ വിഷയം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇടത്-വലത് എംപിമാര്‍ അമിത് ഷായെ കണ്ടത്. കേന്ദ്രസമിതിയുടെ റിപ്പോര്‍ട്ടും വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങളും തേടിയ ശേഷം നിലപാടറിയിക്കാമെന്ന മറുപടിയാണ് അമിത് ഷായില്‍ നിന്നുണ്ടായത്.

അതിനിടെ വയനാടിന് കേന്ദ്രസഹായം നല്‍കില്ലെന്ന വ്യക്തമായ സൂചന രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആവര്‍ത്തിച്ചു. ഗുരുതര വിഭാഗത്തില്‍പ്പെടുത്തി 153 കോടി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് അനുവദിച്ചുവെന്നായിരുന്നു രഞ്ജിത് സുര്‍ജേവാല എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. എസ്ഡിആര്‍എഫ് ഫണ്ടില്‍ തുക ബാക്കിയുളളതിനാല്‍ ഈ പണം ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. ഹൈക്കോടതിയില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലം പാര്‍ലമെന്റിലും ആവര്‍ത്തിച്ചതോടെ വയനാടിന് പ്രത്യേക പാക്കേജ് പരിഗണിക്കില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *