വിദ്യാർഥി ബസ് കൺസഷൻ 30 ശതമാനമാക്കിയ കെഎസ്ആർടിസി തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

Breaking Kerala

അൺ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള ബസ് കൺസഷൻ 30 ശതമാനമാക്കി ഉയർത്താനുള്ള കെഎസ്ആർടിസിയുടെ തീരുമാനത്തിന് ഒരു മാസത്തെ സ്റ്റേ.

2023 ഫെബ്രുവരി 27 ന് കെഎസ്ആർടിസി എംഡി നൽകിയ മെമ്മോറാണ്ടത്തിലെ ഈ വ്യവസ്ഥക്കെതിരെ കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും രണ്ട് വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അൺ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം കൺസഷൻ മാത്രമേ അനുവദിക്കൂവെന്നാണ് കെഎസ്ആർടിസിയുടെ മെമോറാണ്ടത്തിലെ നാലാമത്തെ വ്യവസ്ഥയിൽ പറയുന്നത്. ബാക്കി തുകയിൽ 35 ശതമാനം മാനേജ്‌മെന്റിന് വഹിക്കാനാവുമെന്നും വ്യക്തമാക്കിയിരുന്നു. ഈ വ്യവസ്ഥ ചോദ്യം ചെയ്തായിരുന്നു ഹർജി.

25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസഷൻ നൽകില്ലെന്ന് മാനേജ്മെന്റ് തീരുമാനമെടുത്തിരുന്നു. കോർപ്പറേഷൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പുതിയ തീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നതെന്നായിരുന്നു മാനേജ്മെന്റിന്റെ വിശദീകരണം.

കെഎസ്ആർടിസി മുന്നോട്ട് വച്ച നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംഡി ബിജു പ്രഭാകർ സർക്കാരിന് കത്തയച്ചിരുന്നു. ഇതിൽ കൺസഷൻ 30 ശതമാനമാക്കിയ തീരുമാനത്തിന് മാത്രമാണ് സ്റ്റേ.

Leave a Reply

Your email address will not be published. Required fields are marked *