പിടിക്കപ്പെട്ടപ്പോൾ ഇപിയെ പിണറായി കയ്യൊഴിഞ്ഞു: കെ സുധാകരൻ

Kerala

ആലുവ: ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി രഹസ്യ ചർച്ച നടത്തിയത് പിണറായി വിജയനു വേണ്ടിയാണെന്നും പിടിക്കപ്പെട്ടപ്പോൾ പിണറായി കയ്യൊഴിഞ്ഞെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സ്വന്തം തടി രക്ഷിക്കാൻ ആരെയും കുരുതി കൊടുക്കുന്ന പിണറായി വിജയൻ കേരളത്തിന് ശാപമാണ്. മഹിള കോൺഗ്രസ് ‘മഹിളാ സാഹസ് – സോൺ മൂന്ന്’ സംസ്ഥാന ക്യാമ്പ് ആലുവ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് എതിരായ ശബ്ദം സിപിഎമ്മിൽ തന്നെ ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. പി.വി അൻവർ എം.എൽ.എ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല.

സ്വർണം കടത്ത്, കരിമണൽ ഖനനം, മാസപ്പടി എന്നിവയിലൂടെ കോടികളുടെ അഴിമതിയാണ് പിണറായി നടത്തികൊണ്ടിരിക്കുന്നത്. മകളുടെ പേരിൽ വരെ അഴിമതി ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. വരുന്ന പഞ്ചായത്ത്,നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി.അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ലിജു, ദീപ്തി മേരി വർഗീസ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അൻവർ സാദത്ത് എം.എൽ.എ., സംസ്ഥാന ജനറൽ സെക്രട്ടറി
എൽ.അനിത, ജില്ലാ പ്രസിഡന്റുമാരായ ടി.നിർമ്മല, സിന്ധു രാധാകൃഷ്ണൻ,
പി.ഷഹർബാൻ തുടങ്ങിയവർ സംസാരിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഇരുന്നൂറോളം ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *