കോഴിക്കോട്: കോഴിക്കോട് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പുതിയതായി ചികിൽസ തേടിയത്. ഇതോടെ രോഗ ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ട് ആയി.
പയ്യോളി നഗരസഭയിലുള്ള കാട്ടും കുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കുളത്തിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച എട്ട് വയസുകാരൻ കുളിച്ച ഫറോക്ക് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ കുളിച്ച വിദ്യാർത്ഥിക്കും ഇന്നലെ പുതുതായി ലക്ഷണങ്ങൾ കണ്ടു തുടങ്ങി. രണ്ട് കുട്ടികളുടെയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന 12 വയസുകാരൻ്റെ ആരോഗ്യനില ഗുരുതരമാണ്. ഡോക്ടർമാരുടെ സംഘം പ്രത്യേക നിരീക്ഷണം തുടരുന്നുണ്ട്. കഴിഞ്ഞ 16ന് വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ ഏറെ നേരം കുളിച്ചിരുന്നു. തുടർന്നാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനി, ജലദോഷം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെയാണ് ചികിൽസ തേടിയത്.