കൊല്‍ക്കത്ത കൊലപാതകത്തില്‍ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കൊലപാതകം നടന്നിട്ടും പരാതി നല്‍കാത്ത പ്രിന്‍സിപ്പല്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാരുടെ സംരക്ഷണം സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും സമരം നടത്തുന്നവര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിര്‍ദേശിച്ചു.
അതിക്രൂരമായ കൊലപാതകം നടന്നതിന് ശേഷം ബംഗാള്‍ സര്‍ക്കാരും പൊലീസും മെഡിക്കല്‍ കോളേജും സ്വീകരിച്ച നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും സംസ്‌കാരത്തിനും ശേഷം ഇരയുടെ പിതാവിന്റെ പരാതി ലഭിക്കുന്നതുവരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനിന്നു. ഇത്രയും സമയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു.