തൃശൂരിലെ എടിഎം കവർച്ചയില്‍ ഹരിയാനയില്‍ നിന്നുള്ള ഏഴംഗ സംഘം പിടിയിൽ. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികളെ നാമക്കൽ , മേപ്പാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തൃശൂരില്‍ ഇന്ന് രാവിലെ മൂന്നിടത്താണ് എടിഎമ്മുകൾ തകർത്ത് പണം കവർന്നത്. പുലർച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയില്‍ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച.
കവർച്ച നടത്തിയത് ബൽവാൾ സ്വദേശികളായ ശഭീർകാന്ത് (26), മുബാറക്ക് (21), സോകിൻ (23), മുഹമ്മദ് ഇക്രം(42), ഇർഫാൻ സഖൂർ (32), അസ്ഹർ അലി , ജുനാധീൻ എന്നിവർ ചേർന്നാണ്.
ഇന്ന് രാവിലെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്നർ പരിശോധിക്കുന്നതിനിടയില്‍ നടന്ന പൊലീസ് വെടിവെപ്പിൽ ജുനാധീൻ കൊല്ലപ്പെട്ടിരുന്നു. പൊലീസുമായുണ്ടായ സംഘർഷത്തില്‍ പരുക്കേറ്റ അസ്ഹർ അലിയെ കോയമ്പത്തൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 2.10നാണ് സംഘം ആദ്യ കവർച്ച നടത്തുന്നത്. പിന്നീട് 3.10ന് രണ്ടാം കവർച്ചയും നടത്തി. മൂന്നാമത് കോലാഴിയിലും കവർച്ച നടത്തിയ സംഘം ടോളുകളിലോ സിസിടിവികളിലോ പെടാതെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
കോലാഴിയിൽ എടിഎം കൗണ്ടറിൽ കവർച്ച നടത്തിയ പ്രതികൾ തിരിച്ച് മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്ത് പൊലീസ് അക്കാദമിക്ക് മുൻപിലൂടെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. മണ്ണുത്തി ഹൈവേയിലേക്ക് കടന്ന ശേഷം കാർ കണ്ടെയ്നർ ലോറിയിലേക്ക് കയറ്റുകയുമായിരുന്നു.