തറ നേതാവില്‍ നിന്ന് മുഖ്യമന്ത്രി ഉയരണം. മകളെ രക്ഷിക്കാന്‍ ഒരു ജില്ലയെ അപമാനിക്കരുത്: പി.എം.എ സലാം

Kerala

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശം മലപ്പുറത്തെ അപമാനിക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

തറ നേതാവില്‍ നിന്ന് മുഖ്യമന്ത്രി ഉയരണം. മകളെ രക്ഷിക്കാന്‍ ഒരു ജില്ലയെ അപമാനിക്കരുത്. കേന്ദ്ര ഏജന്‍സികളില്‍ നിന്ന് രക്ഷനേടാനാണ് ശ്രമമെന്നും, മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അന്‍വര്‍ പറഞ്ഞതിന്റെ പേരിലാണ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിക്കുന്നത്. കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

വോട്ടു നേടാന്‍ മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്ന നിലപാടാണ് സിപിഎം അടുത്ത കാലത്തായി സ്വീകരിച്ചു വരുന്നത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദമടക്കം അതിന്റെ ഭാഗമായി ഉണ്ടായതാണ്. ഇത് ജനം മനസിലാക്കിയതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതെന്നും സലാം പറഞ്ഞു.

മലപ്പുറത്ത് മാത്രം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ എത്ര പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും സലാം ചോദിച്ചു. ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി പറയുകയാണ് അഞ്ച് കൊല്ലത്തിനിടെ ഇത്രയെണ്ണം ഉണ്ടായി എന്ന്. ഇത് സംബന്ധിച്ച് എന്തെങ്കിലും ഒരു തെളിവ് ഉണ്ടോ എന്നും പിഎംഎ സലാം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *