ജനാധിപത്യ കേരളം ആക്രമണങ്ങള്‍ക്ക് എതിരെ തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതും:കെ. സുധാകരന്‍

Breaking Kerala

താമരശ്ശേരി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. താമരശ്ശേരിയില്‍ കര്‍ഷക കോണ്‍ഗ്രസ് നേതൃക്യാമ്ബിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭരിച്ച നെല്ലിന്റെ വിലപോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സാധാരണക്കാര്‍ക്ക് ഒരു ഗുണവുമില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഭരിക്കാന്‍ അറിയില്ലെങ്കില്‍ രാജിവെച്ച്‌ പുറത്തുപോകണം. നവകേരള സദസ്സിന്റെ മറവില്‍ ഗുണ്ട സദസ്സാണ് അരങ്ങേറുന്നത്.

സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിക്രൂരമായാണ് സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചത്. ജനാധിപത്യ കേരളം ആക്രമണങ്ങള്‍ക്ക് എതിരെ തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതും. കോടികളുടെ അഴിമതിക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കെതിരെ ഇ.ഡി അന്വേഷണമില്ല. കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്ന ഇ.ഡി പിണറായിക്കെതിരെ ഒരു നീക്കവും നടത്തുന്നില്ല. ബി.ജെ.പി നേതാവ് സുരേന്ദ്രനെ സംരക്ഷിക്കാന്‍ സി.പി.എമ്മും സി.പി.എമ്മിനെ സംരക്ഷിക്കാന്‍ ബി.ജെ.പിയും എന്ന നിലയിലാണ് കാര്യങ്ങള്‍.

കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിനുവേണ്ടി ഇരുവരും സഹകരിക്കുകയാണ് -സുധാകരൻ പറഞ്ഞു രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുക എന്നതാണ് കെ.പി.സി.സിയുടെ താല്‍പര്യമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരൻ വ്യക്തമാക്കി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി. വിജയന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്ബി, എന്‍. സുബ്രഹ്മണ്യന്‍,എ. അരവിന്ദന്‍, രവീഷ് വളയം, ഷിബു മീരാന്‍, അഡ്വ. ബിജു കണ്ണന്തറ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *