കൊച്ചി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗ്ലോബൽ അലുംനി മീറ്റ് കൊച്ചിയിൽ നടന്നു. വിദേശത്തു നിന്നുൾപ്പെടെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുനൂറിലധികം പൂർവ വിദ്യാർത്ഥികളും അധ്യാപരും കൊച്ചി മാർത്തോമ ഗൈഡൻസ് സെന്ററിൽ നടന്ന സംഗമത്തിൽ പങ്കെടുത്തു.
കോളജിലെ പൂർവ വിദ്യാർത്ഥിയും അധ്യാപകനും കൂടിയായ മുൻ രാജ്യസഭാധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രൊഫ. പി.ജെ.കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. താൻ മത്സരിച്ച ആദ്യ പാർലമെന്റ് തെരെഞ്ഞെടുപ്പ് വേളയിൽ കോഴഞ്ചേരി കോളജിൽ നിന്നും കക്ഷി ഭേദമെന്യേ ലഭിച്ച വമ്പിച്ച പിന്തുണയാണ് തന്റെ വിജയത്തിനും തുടർന്ന് മുന്നോട്ടുള്ള നേട്ടങ്ങൾക്കും അടിത്തറ ആയതെന്ന് പ്രൊഫ. പി.ജെ.കുര്യൻ അനുസ്മരിച്ചു. പരിപാടിയുടെ കോർഡിനേറ്റർ സംവിധായകൻ റോയ് മണപ്പള്ളിൽ , അലക്സ് ആറ്റപ്പള്ളി, പ്രൊഫ. മറിയാമ്മ മാത്യു, പ്രൊഫ. എലിസബത്ത് തോമസ്, പ്രൊഫ. പി.സി. രാജൻകുഞ്ഞ്, ഡോ.തോമസ് വറുഗീസ്, കുഞ്ഞ് മാത്യൂസ്, പ്രിൻസിപ്പൽ ഡോ.ജോർജ് കെ അലക്സ്, വിക്ടർ ടി തോമസ്, കെ.ജോർജ് മാത്യു, എ. ഗോപകുമാർ , പി.എ. മാത്യു, സാം കടമ്മനിട്ട, അനിൽ ഗോപാലൻ, വറുഗീസ് ജോർജ്, തുടങ്ങിയവർ പ്രസംഗിച്ചു.
കോളജ് കാമ്പസിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ വേദിയിൽ അതിഥികളായെത്തിയ ജോയ് ജോൺ ആന്റണി, നിപിൻ നിരവത്ത് എന്നിവരോടൊപ്പം പൂർവ വിദ്യാർഥികളുടെ നിരവധി കലാപരിപാടികളും അരങ്ങേറി.