കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിൽ മേഖലയെ തകർത്തു: ആർ ചന്ദ്രശേഖരൻ 

Kerala

കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ കാരണം സമസ്ത മേഖലയും താറുമാറായെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് മേഖലയിൽ പ്രാകൃതമായ പരിഷ്കാരങ്ങളാണ് കൊണ്ടുവന്നത്. വാട്ടർ അതോറിറ്റിയിലെ പരിഷ്കാരങ്ങൾ പോലും തൊഴിലാളി സംഘടനകളുമായി കൂടിയാലോചിക്കുന്നില്ല. തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ എങ്ങിനെയാണ് ഇടത് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ചന്ദ്രശേഖരൻ ആരാഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നടപടികൾക്ക് സംസ്ഥാന സർക്കാർ കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓണക്കാലമടുത്തിട്ടും തൊഴിലാളി സംഘടനകളുമായി നിലവിലെ വിഷയങ്ങൾ കൂടിയാലോചന നടത്താൻ സർക്കാർ തയാറായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 5 ന് 14 ജില്ലകളിലും കളക്ടറേറ്റുകൾക്ക് മുന്നിൽ ധർണ നടത്തും. ആഗസ്റ്റ് 21 ന് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. ആഗസ്റ്റ് 27 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും കീഴിലുള്ള തൊഴിലാളികളുടെ ധർണ നടക്കും. മിൽമയിലെ 13 മാസം മുടങ്ങിയ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും തൊഴിലാളികൾക്കെതിരായ പ്രതികാര നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 24 ന് രാവിലെ 6 മുതൽ ദക്ഷിണമേഖലാ മിൽമയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ആർ.ചന്ദ്രശേഖരൻ അറിയിച്ചു. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് കെ.കെ ഇബ്രാഹിം കുട്ടിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *