ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്ത്രീകൾ സിനിമ സെറ്റിലേക്ക് ഒറ്റക്ക് പോകാൻ ഭയപ്പെടുന്നു; ഗുരുതര വെളിപ്പെടുത്തലുകൾ 

Breaking Kerala

കൊച്ചി: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമയിലെ സ്ത്രീകൾ മാതാപിതാക്കൾക്കൊപ്പമല്ലാതെ ഒറ്റക്ക് ഷൂട്ടിങ് സെറ്റിലേക്ക് പോകാൻ ഭയപ്പെടുന്നെന്ന് റിപ്പോർട്ട്. മറ്റൊരു തൊഴിൽ മേഖലയിലും സ്ത്രീകൾ ജോലിക്ക് പോകുമ്പോൾ മാതാപിതാക്കളെ കൊണ്ടുപോകേണ്ടതില്ല കാരണം അവർ ലൈംഗികതയ്ക്കുള്ള ഒരു സമ്മർദ്ദവും നേരിടുന്നില്ല. എന്നാൽ സിനിമയിലെ ആളുകൾ ലൈംഗികതയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിനാൽ സ്ത്രീകൾ ഭയപ്പെടുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റ് ഏത് മേഖലയിലും ജോലി ലഭിക്കാനായി അവരുടെ കഴിവ് മാത്രമാണ് ആവശ്യം മാത്രമല്ല അവർക്ക് സുരക്ഷിതമായി ഓഫീസിലേക്ക് പോകുകയും ചെയ്യാം. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് സിനിമ മേഖലയിൽ നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പലപ്പോഴും മാന്യമായോ മര്യാദയോടെയോ വാതിലിൽ മുട്ടുന്നതിന് പകരം വാതിൽ ബലപ്രയോഗത്തിലൂടെ ശക്തമായി മുട്ടുകയും പല അവസരങ്ങളിലും വാതിൽ തകർത്ത് ആണുങ്ങൾ തങ്ങളുടെ മുറിയിലേക്ക് പ്രവേശിക്കുമെന്ന് തോന്നിയതായും റിപ്പോർട്ടിലെ മൊഴിയിൽ വ്യക്തമാക്കുന്നു.

 

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *