ഗുരുവന്ദനത്തിന്റെ നിറവിൽ ഇന്ന് അധ്യാപക ദിനം

Local News

“ഗ് ” എന്ന സംസ്കൃത ശബ്ദത്തിന്റെ അർത്ഥം തമസ്സ് അഥവാ ഇരുട്ട് ഏന്നാണ്. ” ര് ” എന്നാൽ രോധിക്കുക അല്ലെങ്കിൽ ഇല്ലാതാക്കുക ഏന്നർത്ഥം. അജ്ഞാനമാക്കുന്ന തമസിനെ രോധിച്ച് നമ്മേ ജ്ഞാനത്തിന്റെ പ്രകാശപൂരത്തിലേക്ക് കൈപിടിച്ച് നയിക്കുന്ന മഹാത്‌മാവിനെ നമ്മൾ ” ഗുരു”ഏന്ന് വിളിക്കുന്നു. വീണ്ടുമൊരു അധ്യാപക ദിനം കൂടി കടന്നുപോകുമ്പോൾ സമാരാധ്യരായ അധ്യാപകർക്ക് സ്നേഹാശംസകൾ അർപ്പിക്കുകയാണ് ഭാരതം. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ ഉപജീവനത്തിനായി വ്യതസ്ഥങ്ങളായ തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നു. ഏല്ലാത്തരം ജോലികളും അവയുടെതായ അന്തസും മഹത്വവും അർഹിക്കുന്നത് തന്നെ.ഏന്നാൽ അവയിൽ നിന്നെല്ലാം ഉയർന്ന ആദരവും അംഗീകാരവുമാണ് സമൂഹം അധ്യാപകന് കൽപിച്ചു നൽകിയിരിക്കുന്നത്.

ഭാരതമടക്കം ലോകത്തിലെ ഏല്ലാ രാജ്യങ്ങളുടെയും ഭാവിയും പ്രതീക്ഷയും കുടികൊള്ളുന്നത് വിദ്യാർത്ഥികളിലാണ്. വിദ്യാർത്ഥികളാണ് യുവാക്കളായി മാറി രാഷ്ട്ര പുനർ നിർമ്മാണം നടത്തേണ്ടത്. അതിനവർ കർമ്മശേഷിയും കാര്യക്ഷമതയും നീതിബോധവും രാഷ്ട്ര സ്നേഹവും , സാമൂഹിക പ്രതിബദ്ധതയുമുള്ള ഉത്തമ പൗരൻമാരായി മാറേണ്ടതുണ്ട്. അതിനവരെ പ്രാപ്തരാക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നവരാണ് അധ്യാപകർ നമ്മുടെ കുട്ടികൾ മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കുന്നതിൽ അധികം സമയം ഉണർന്നിരിക്കുന്നത് അധ്യാപകർക്കൊപ്പമാണ്. ഒരു മനുഷ്യന്റെ സ്വഭാവം രൂപപ്പെടുന്ന ബാല്യ കൗമാര കാലഘട്ടങ്ങളിൽ അയാൾ ഏറ്റവുമധികം അടുത്തിടപഴകുന്ന അധ്യാപകർ വുക്തിത്വ രൂപീകരണത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

തന്റെ ക്ളാസ് മുറിയിലെ ഓരോ കുട്ടിയിലും അന്തർലീനമായ വ്യത്യസ്ഥ തരം പ്രതിഭകളുടെ മിന്നലാട്ടം അവരുടെ ഓരോ ചെയ്തികളിലും പെരുമാറ്റങ്ങളിൽ നിന്നും കണ്ടെത്തിയെടുക്കുവാൻ പരിണിത പ്രജ്ഞനായ ഒരു അധ്യാപകന് അനായാസം കഴിയും.  രാഷ്ട്രത്തിന്റെ അഭിമാനമായി മാറണ്ട ചാട്ടക്കാരനെയും ഓട്ടക്കാരിയെയും പാട്ടുകാരനെയും ശാസ്ത്രജ്ഞനെയും നേതാവിനെയും സൈനികനെയുമെല്ലാം ആദ്യം കണ്ടെത്തുക പലപ്പോഴും അധ്യാപകൻ തന്നെയാകും.

മാതാപിതാക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാതെ ചാരം മൂടിക്കിടന്ന പ്രതിഭയുടെ അഗ്‌നി നാളങ്ങൾ അധ്യാപകൻ കണ്ടെത്തി ഊതി ജ്വലിപ്പിച്ച് സമൂഹത്തിന് സമർപ്പിച്ചതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ നമൂക്കു ചുറ്റും ഏറെയുണ്ട്. അധ്യാപക വൃത്തി കേവലം ഒരു തൊഴിൽ മാത്രമല്ല. രാജ്യത്തിന്റെ യും സമൂഹത്തിന്റെയും ഭാവി കൂടി കയ്യാളുന്നവരാണ് അധ്യാപകർ.

തന്റെ കയ്യിലൂടെ കടന്നുപോകുന്ന ഓരോ കുട്ടിയെയും മികച്ച പൗരൻമാരായി മാറ്റിയെടുക്കുവാൻ അധ്യാപകന് കഴിയണം. അതിന് അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്കു മാത്രമല്ല സമൂഹത്തിനാകെ മാതൃകയായി തുടരാൻ ജീവിതകാലം മുഴുവൻ ബാധ്യസ്ഥനാണ്.

വാക്കിലും നോക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ജീവിത ശൈലിയിലും മാതൃകയാകാൻ അധ്യാപകൻ സദാ ജാഗ്രത പുലർത്തേണ്ടതുമുണ്ട്. ഇവയെല്ലാമാണ് സമൂഹം അധ്യാപകരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

അപൂർവം ചില പുഴുക്കുത്തുകളെ മാറ്റി നിർത്തിയാൽ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്തുയരുവാൻ ശ്രമിക്കുന്നവരാണ് പുതു തലമുറ അധ്യാപകരടക്കമുള്ള ഭൂരിപക്ഷം പേരുമെന്നത് ഏറെ പ്രതീക്ഷയും ആഹ്ളാദവും പകരുന്ന വസ്തുതയാണ്.

Leave a Reply

Your email address will not be published. Required fields are marked *