പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്ററായ മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസിന്. ആശിർവാദിന്റെ അമരക്കാരനായ അന്റണി പെരുമ്പാവൂർ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
ഉണ്ണി മുകുന്ദൻ ഐ.വി.എഫ് സ്പെഷ്യലിസ്റ്റായി എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. നിഖില വിമൽ ആണ് നായിക.
സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.