തിരുവനന്തപുരം: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് ഡോക്ടർമാർ പണിമുടക്ക് നടത്തുന്നത്.
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി. തിരുവനന്തപുരം ആർസിസിയിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഒപി പ്രവർത്തിക്കില്ല.
ഡെന്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനം ഉണ്ടായിരിക്കില്ല. അത്യാഹിത വിഭാഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐഎംഎ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.