കണ്ണൂർ: ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം നടത്താൻ സിപിഐഎം. മനു തോമസിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ പാർട്ടി തീരുമാനം മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കാനാണ് സിപിഐഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. ഇതിന് വേണ്ടി രണ്ടംഗ കമ്മീഷനെ സിപിഐഎം നിയോഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ഗോപിനാഥ്, എം പ്രകാശൻ എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണ കമ്മീഷൻ.
നേരത്തെ സോഷ്യൽ മീഡിയയിലടക്കം മനു തോമസ് പാർട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പി ജയരാജനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു മുൻ ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ശ്രമിച്ചുവെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് ജയരാജൻ വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തിയെന്നും മനു തോമസ് ആരോപിച്ചിരുന്നു.