ചെന്നൈ: ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രയാൻ മൂന്ന് ചന്ദ്രനിലേക്ക് പോകുന്നു! ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്.ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്കെത്തിക്കുന്ന ‘ട്രാൻസ്ലൂണാർ ഇൻജക്ഷൻ’ ഇസ്റോ ഇന്നലെ രാത്രി പൂർത്തിയാക്കി.
ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്. ഇനി 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലാണു ദൗത്യം സഞ്ചരിക്കുക. ഓഗസ്റ്റ് 5ന് ചാന്ദ്രഭ്രമണപഥത്തിലേക്കു കടക്കും (ലൂണാർ ഓർബിറ്റ് ഇൻസേർഷൻ). 5 ഭ്രമണപഥങ്ങളിലൂടെ താഴോട്ടിറങ്ങിയ ശേഷം ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങും.