പത്തനംതിട്ട: ചില മേഖലകളില്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ സേവനത്തില്‍ വരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണെന്ന് ബിഎസ്എന്‍എല്‍. പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലമാണ് പ്രശ്നം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്.
സ്മാര്‍ട്ട് ഫോണുകളല്ലാത്തവ ഉപയോഗിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനത്തിന്റെ കൈവശം 2ജി സേവനത്തിന് ഉതകുന്ന കീപ്പാഡ് ഫോണുകളാണുള്ളത്. അതുകൊണ്ട് തന്നെ നിലവിലുള്ള 2ജി, 3ജി ടവറുകളിലെ ഉപകരണങ്ങള്‍ മാറ്റി 4ജി സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള ശ്രമമാണ് പ്രധാനമായും നടത്തുക.
തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ നടപ്പാക്കുമ്പോള്‍, 2ജി ഉപയോഗിക്കുന്നവരുമുണ്ട്. 2ജി ഉപഭോക്താക്കളെ പരിഗണിക്കണമെന്ന സർക്കാർ നിർദേശവുമുണ്ട്. മൊബൈല്‍ സേവനമെത്തിക്കുന്നതില്‍ 4ജിക്ക് പായ്ക്കറ്റ് സ്വിച്ചിങ്ങും 2ജിക്ക് സര്‍ക്യൂട്ട് സ്വിച്ചിങ്ങുമാണ് ഉപയോഗിക്കുന്നത്. 2ജി സേവനം നല്‍കേണ്ടെങ്കില്‍ പായ്ക്കറ്റ് സ്വിച്ചിങ് വഴി കോളുകള്‍ വരുകയും പോകുകയും ചെയ്യും. എന്നാല്‍, കീപ്പാഡ് ഫോണുകളിലേക്ക് 4ജിയിലുള്ള ഒരു സിഗ്നല്‍ വരുമ്പോള്‍ അതിനെ 2ജിക്ക് ഇണങ്ങുന്ന തരത്തിലേക്ക് മാറ്റണം. അതിനുവേണ്ടി ബി.എസ്.എന്‍.എല്‍., സര്‍ക്യൂട്ട് സ്വിച്ച്ഡ് ഫോള്‍ബാക്ക്(സി.എസ്.എഫ്.ബി.) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ഫോണ്‍ 2ജി ആണോ എന്ന് സ്വമേധയാ തിരിച്ചറിഞ്ഞ് 4ജി കട്ട് ഓഫായി 2ജിയിലേക്ക് മാറുകയാണ് സി.എസ്.എഫ്.ബി.യിലൂടെ നടക്കുന്നത്. പുതിയ ടവര്‍ സ്ഥാപിക്കുമ്പോള്‍ ഈ സാങ്കേതികവിദ്യയുടെ ട്യൂണിങ് കൃത്യമാക്കുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്. അതിനാല്‍ ചിലപ്പോള്‍ കോളുകളില്‍ പ്രശ്നങ്ങള്‍ കണ്ടെന്നുവരാം. ട്യൂണിങ് കൃത്യമാക്കുന്നതോടെ അത് പരിഹരിക്കപ്പെടുമെന്ന് ബി എസ് എൻ എൽ വ്യക്തമാക്കുന്നു.