ബിജെപി ഡി ഐ ജി ഓഫീസ് മാർച്ചിൽ സംഘർഷം; കല്ലേറ്, ജലപീരങ്കി

Breaking Kerala

തൃശ്ശൂർ : ഡി ഐ ജി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു. ബിജെപി ജില്ല പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെതിരെ സ്ഥിരം കുറ്റവാളികൾക്കെതിരെ ചുമത്തുന്ന സി ആർ പി സി 107 ചേർത്ത് കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

രാവിലെ പതിനൊന്ന് മണിക്ക് വിദ്യാർത്ഥി കോർണറിൽ നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ഡി ഐ ജി ഓഫീസിന്റെ 100 മീറ്റർ അകലെ പോലീസ് ബേരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബേരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ നിരവധി പ്രവർത്തകർ തെറിച്ചുവീണു. ശേഷം നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. പ്രതിഷേധയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്‌ ഉദ്ഘാടനം ചെയ്തു.

ഉത്ഘാടനം കഴിഞ്ഞ് നേതാക്കൾ പിരിഞ്ഞു പോയതിനു ശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ വീണ്ടും ശ്രമം നടത്തി. പിന്നാലെ പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് നടത്തിയ പോലീസ് ജല പീരങ്കി പ്രയോഗത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘർഷത്തിനുശേഷം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നേതാക്കളായ കെ. ആർ ഹരി, സുരേന്ദ്രൻ ഐനികുന്നത്ത്, ബിജോയ്‌ തോമസ്, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *