ബെംഗളൂരു: കര്‍ണാടകയില്‍ ബിയറിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ബിയറിന്റെ വില വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രീമിയം ലിക്വറുകളുടെ വില കുറയ്ക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ബിയറിന് പത്ത് മുതല്‍ മുപ്പത് വരെ വില വര്‍ധിക്കും. പ്രീമിയം ലിക്വറുകളുടെ വില 20 ശതമാനം വരെ കുറയും. ഇന്ത്യന്‍ നിര്‍മിത മദ്യങ്ങളെ (ഐഎംഎല്‍) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ബ്രാന്‍ഡിനും, ആല്‍ക്കഹോളിന്റെ അളവിനുമനുസരിച്ചായിരിക്കും ബിയറിന്റെ വിലയില്‍ മാറ്റം കൊണ്ടുവരിക. വെള്ളത്തിന് താരിഫ് ചുമത്തുമെന്നും വെള്ളത്തിന്റെ വില 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും കര്‍ണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മദ്യത്തിന്റെ വില മാറ്റങ്ങളും തീരുമാനിക്കുന്നത്. പുതിയ വിലകള്‍ പൂര്‍ണമായും പ്രാബല്യത്തില്‍ വരാന്‍ സമയമെടുക്കും. ഇടനിലക്കാരുടെ നിരന്തരമായ ആവശ്യത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ വിലകളില്‍ മാറ്റം വരുത്തുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചില ജനപ്രിയ ബ്രാന്‍ഡുകളുടെ വില കുറച്ച് നികുതി വരുമാനം കൂട്ടാനുള്ള ലക്ഷ്യമാണ് സര്‍ക്കാര്‍ ഉന്നം വെക്കുന്നത്.