ലോകത്ത് ഓരോ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ ദേശീയ ഭാഷയിലും രാജ്യങ്ങളിലെ സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയിലുമുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പതിവ് കാഴ്ചകളാണ്. എന്നാല്‍ പതിവിന് വിപരീതമായി ലോക ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തെ, ഒരു സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷയില്‍ മറ്റൊരു രാജ്യത്ത് ചലച്ചിത്ര വ്യവസായം ആരംഭിക്കുന്നു. അതും ഇന്ത്യയിലെ, കേരളത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളത്തില്‍, ഓസ്ട്രേലിയയിലാണ് ഇതിന് തുടക്കം കുറിക്കുന്നത്.
വിദേശമണ്ണില്‍ മലയാള സിനിമകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച് പുതിയ സിനിമാ സംസ്‌കാരം സൃഷ്ടിക്കുന്നതിലൂടെ മലയാള സിനിമകള്‍ ഓസ്‌ട്രേലിയന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിടുന്നത് ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് സജീവമായ നടനും എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ്.കെ.മാത്യുവാണ്.
കേരളത്തിന്റെ സിനിമാ മേഖലയ്ക്ക് സമാനമായ ഒന്ന് ഓസ്‌ട്രേലിയയിലും വാര്‍ത്തെടുക്കുന്നതിലൂടെ കേരളത്തിലേയും ഓസ്‌ട്രേലിയയിലേയും കലാപ്രവര്‍ത്തകര്‍ക്ക് മികച്ച അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് മറ്റ് രാജ്യക്കാരും മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളി കലാകാരന്മാരും ഭാവിയില്‍ പിന്തുടരാവുന്ന മാതൃക കൂടിയാണ്.
പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിക്കുകയും ഓസ്‌ട്രേലിയന്‍ ഫിലിം ചേംബറില്‍ റജിസ്റ്റര്‍ ചെയ്തും ഓസ്ട്രേലിയന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടും കൂടി അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 5 മലയാള സിനിമകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തിലുള്ള മലയാളികളായ സിനിമാ പ്രവര്‍ത്തകര്‍ മാത്രമല്ല ഓസ്ട്രലിയന്‍ താരങ്ങളും മറ്റ് രാജ്യങ്ങളിലെ സിനിമാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്നതും ഇംഗ്ലീഷ് സബ്‌ടൈറ്റിലോടു കൂടി ഓസ്‌ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതോടെ ഓസ്‌ട്രേലിയന്‍ ചലച്ചിത്രമേഖലയില്‍ കേരളത്തിന്റെ പ്രാതിനിധ്യമേറും. വിഷന്‍ വിദേശ രാജ്യങ്ങളിലെ വിവിധ വിതരണ കമ്പനികളുമായി സഹകരിച്ച് ഓസ്‌ട്രേലിയയില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ഓസ്‌ട്രേലിയയിലെ തിയറ്ററുകള്‍ കൂടാതെ വിവിധ രാജ്യങ്ങളിലും ഓടിടി പ്ലാറ്റ്ഫോമുകളിലും പ്രദര്‍ശിപ്പിക്കും.
വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും അന്താരാഷ്ട്ര പ്രമേയങ്ങളും നിറഞ്ഞ മലയാള സിനിമകളാണ് പ്രേക്ഷകരിലേക്കത്തുക.മലയാള സിനിമാ ലോകത്തേക്ക് ഓസ്‌ട്രേലിയന്‍ താരങ്ങളെ പരിചയപ്പെടുത്താനും അവര്‍ക്കും പുതിയ അവസരങ്ങളൊരുക്കാനും വഴിയൊരുക്കും. ഓസ്‌ട്രേലിയന്‍ സിനിമാ മേഖലയില്‍ മലയാളത്തിന്റെ ചലച്ചിത്ര പ്രതിഭകളും കൂടുതല്‍ അറിയപ്പെടാനും ഇടയാകും.
സിനിമ സ്വപ്നം കാണുന്ന ഓസ്‌ട്രേലിയയിലെ മലയാളി കലാകാരന്മാര്‍ക്ക് ചലച്ചിത്ര മേഖലയിലേയ്ക്കുള്ള വാതില്‍ തുറക്കുകയാണ് ഈ ഉദ്യമത്തിലൂടെ. ഓസ്ട്രേലിയയില്‍ കഴിയുന്ന കലാകാരന്മാര്‍ക്ക് ചലച്ചിത്ര രംഗത്തെ ഇഷ്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നൽകും .
ഓസ്ട്രേലിയയില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ഒരു സംഘടനയും രൂപീകരിക്കും. ഓസ്ട്രേലിയയിലെ മലയാള ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കുന്നതിലൂടെ ഓസ്ട്രേലയില്‍ മലയാള സിനിമാ മേഖലയ്ക്ക് കൂടുതല്‍ ശക്തിപകരാനും കഴിയും. സംഘടനയുടെ കീഴില്‍ കേരളത്തില്‍ ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സമാധാനവും സന്തോഷവും നല്‍കുന്ന സിനിമകള്‍ ഉള്‍പ്പെടുത്തി ചലച്ചിത്ര മേളകള്‍ക്കും പരിശീലന പദ്ധതികള്‍ക്കും വഴിയൊരുങ്ങും.
താല്‍പ്പര്യമുള്ളവര്‍ക്ക് സിനിമാ നിര്‍മ്മാണ, വിതരണ കമ്പനികള്‍ക്ക് തുടക്കമിടാം. അഭിനയം മുതല്‍ സംവിധാനം, ഛായാഗ്രഹണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭാധനരായി മാറാന്‍ കേരളത്തിലേയും ഓസ്ട്രേലിയയിലേയും വിദഗ്ധ ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലന പദ്ധതികളും ആരംഭിക്കും.
വിദേശമണ്ണില്‍ പുതിയ മലയാള സിനിമാ വ്യവസായത്തിന് തുടക്കമിടുന്നതിലൂടെ സിനിമയിലേക്കുള്ള പുത്തന്‍ അവസരങ്ങള്‍ തുറക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള സാംസ്‌കാരിക ബന്ധത്തിന് ആക്കം കൂട്ടാന്‍ വഴിയൊരുക്കുകയും ചെയ്യും. ഇരു രാജ്യങ്ങളിലേയും ഫിലിം ചേംബറുകള്‍ തമ്മില്‍ സഹകരണത്തിന്റെ വഴി തുറക്കാനുള്ള സാധ്യതയുമേറും.രകേ lളത്തിലും ഓസ്‌ട്രേലിയയിലും ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബ ചിത്രങ്ങൾ ഓസ്ട്രേലിയയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.