കോഴിക്കോട് : ഹൈബ്രിഡ് വിദ്യാഭ്യാസ രീതികൾ ആരംഭിച്ചതോടെ ഡിജിറ്റൽ പഠനത്തിനും, സോഷ്യൽമീഡിയയുടെ ഉപയോഗത്തിന് വേണ്ടിയും കുട്ടികളിലെ സ്ക്രീനിംഗ് സമയം വളരെ കൂടുതലാണ്.
കഴിഞ്ഞ 10വർഷത്തിനിടയിൽ മൂന്ന് ഇരട്ടിയിലേറെ വര്ദ്ധിച്ചുവരുന്ന മയോപിയ രോഗത്തിൻ്റെ പ്രധാന കാരണമാണ് സ്ക്രീനിംഗ്.മയോപിയ ചെറുക്കുന്നതിനും, സമയോചിതവും ഫലപ്രദവുമായ ചികിത്സകൾ എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനും വേണ്ടി കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ വിദ്യാർഥികളിൽ നടത്തുന്ന “ക്ലിയർ സൈറ്റ്” പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം മായനാട് എ യു പി സ്കൂളിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. നേത്ര പരിശോധനക്കായി പ്രോട്ടോക്കോളുകൾ സ്ഥാപിക്കുകയും രോഗം നിർണയിച്ചാലുടൻ പ്രീ-ഫാബ്രിക്കേറ്റഡ് കണ്ണടകൾ നൽകുകയും ചെയ്യുന്നതാണ് പദ്ധതിയുടെ രീതി. വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിലൂടെ, കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിലും വ്യക്തിഗത വളർച്ചയിലും ശോഭനമായ ഭാവിയിലും നേരിട്ട് സ്വാധീനം ചെലുത്തുകയാണ് ചെയ്യുന്നതെന്നും ഇത്തരം നന്മകളെ സമൂഹം പ്രോത്സാഹിപ്പിക്കുകയും മാതൃകയാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ഭാരത് സ്കൗട്ട് ഗൈഡ് മായനാട് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച പണം വിദ്യാർത്ഥികൾ മന്ത്രിക്ക് കൈമാറി. ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവായ റഫീഖ് മാസ്റ്ററെ ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത് ആദരിച്ചു.
കുട്ടികളുടെ കാഴ്ചശക്തി വർദ്ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയർത്താനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും,
ഓരോ വർഷവും 140 ഓളം സ്കൂളുകളിൽ 30,000 കുട്ടികൾക്ക് സൗജന്യ നേത്രപരിശോധനാ സേവനങ്ങൾ നൽകാൻ ലക്ഷ്യം വച്ച് പത്ത് വർഷം നീളുന്ന പദ്ധതിയാണ്
ആസ്റ്റീരിയൻ യുണൈറ്റഡിൻ്റെയും, ആസ്റ്റർ വളണ്ടിയേർസിൻ്റെയും സഹകരണത്തോടെ നടത്തുന്നതെന്നും, പദ്ധതിക്ക് വേണ്ടി രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റ് അടങ്ങിയ സജ്ജീകരണങ്ങളും പരിശീലനം നേടിയ ജീവനക്കാരെയും ഒരുക്കിയിട്ടുണ്ടെന്നും മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു. കൂടാതെ
നിർധരായ രക്ഷിതാക്കൾക്കുളുടെ ഉപജീവനമാർഗത്തിന് ചെറിയ കടകൾ, സ്കൂളിലേക്കുള്ള വാട്ടർ പ്യൂരിഫയർ എന്നിവയുടെ വിതരണവും നടന്നു. ചടങ്ങിൽ വാർഡ് കൗൺസിലർ സ്മിത വള്ളിശ്ശേരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അസീസ് തെലങ്ങൽ, പ്രധാന അധ്യാപകൻ അനൂപ് മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,SSG ,FSA, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.