തിരുവനന്തപുരം: സർക്കാരിന്റെ ഖജനാവിലേക്ക് വന്നത് 3.37 കോടി രൂപ. പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു ചെലാൻ അയച്ചിട്ടുള്ളത് 25.81 കോടി രൂപയ്ക്കാണ്. ഉഴപ്പുന്നവരെ പിടികൂടാൻ എല്ലാവർഷവും ഇൻഷുറൻസ് പുതുക്കണമെങ്കിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക മുഴുവൻ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാൻ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ അപകടങ്ങളിലും മരണത്തിലും ഗണ്യമായ കുറവുണ്ടായതായി പ്രതിമാസ അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ സംസ്ഥാനത്ത് 3316 റോഡപകടങ്ങളിൽ 313 പേർ മരിച്ചു; 3992 പേർക്കു പരുക്കേറ്റു. എന്നാൽ ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ 2023 ജൂലൈയിൽ 1201 റോഡപകടങ്ങളിൽ മരണം 67 മാത്രം. പരുക്ക് 1329 പേർക്ക്.
ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമ ലംഘനങ്ങളാണു കണ്ടെത്തിയത്. ഇതിൽ 15,83,367 എണ്ണം പരിശോധിക്കുകയും 5,89,394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. 3,82,580 ചെലാനുകൾ തയാറാക്കിയതിൽ 3,23,604 എണ്ണം അയച്ചു.